Words Are Sharper than Swords!!!!


 ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയം.... ഞാന്‍  പഠനത്തില്‍ വലിയ സംഭവം ഒന്നും അല്ലെങ്കിലും ഒപ്പിച്ചു ജയിച്ചുപോകും....എന്നെ പോലെ ഉഴപ്പന്മാരായ കുറച്ച് സുഹൃത്തുക്കളുടെ കൂടെ ഏറ്റവും പുറകിലെ ബഞ്ചിലാണ് എന്‍റെഇരിപ്പ്... 


എന്‍റെ അടുത്ത് ഇരിക്കുന്നത് ഷിബുവാണ്....ഒരു തനി നാടന്‍.....മുണ്ട് ഒക്കെ ഉടുത്താണ് ക്ലാസ്സില്‍ വരുന്നത്.  ഞങ്ങളെക്കാളും ഒരു മൂന്ന് വയസ്സ് പ്രായമുണ്ട്.... അത് അവന്‍റെ കുഴപ്പം അല്ല.... പഠന മികവ് കൊണ്ട് ആ ക്ലാസ്സില്‍ അവന്‍ രണ്ടാം വര്‍ഷമാണ്‌... മലയാളം നേരെ വായിക്കുവാന്‍ അറിയില്ല...പിന്നെ ഇംഗ്ലീഷിന്‍റെ കാര്യം പറയുകയും വേണ്ട... .പാവപ്പെട്ട കുടുംബമായതിനാല്‍ രാവിലെയും വൈകിട്ടും ജോലി ചെയിതിട്ടാണ് ക്ലാസ്സില്‍ വരുന്നത്....ജോലി തിരക്ക് കാരണം ക്ലാസ്സില്‍ താമസിച്ചാണ് അവന്‍റെ വരവ്....പഠിക്കുവാന്‍ കഴിവ് ഇല്ലെങ്കിലും മറ്റുള്ളവരെ സ്നേഹിക്കുവാനുംകരുതുവാനും അവന് നല്ല മനസ്സായിരുന്നു... മുട്ടയി വാങ്ങിച്ചാല്‍ അവന്‍ ഒന്ന് എനിക്കും തരും...അവന്‍റെ വീട്ടില്‍ വാളംപുളി മരം ഉണ്ട്..രാവിലെ സ്കൂളില്‍ വരുമ്പോള്‍ ഒരു കവര്‍ നിറച്ചും നല്ല രുചിയുള്ള വാളംപുളിയുമായിട്ടാണ് അവന്‍റെ വരവ്... സീസണ്‍ അനുസരിച്ച് കണ്ണി മാങ്ങ, കമ്പിളി നാരങ്ങ, ചാമ്പങ്ങാ, എന്നിവയും കൊണ്ടുവരും....



ഒരു ദിവസം ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അപ്പന്‍ സാര്‍ ( മഠത്തിലെ കന്യസ്ത്രീയെ കെട്ടിയതുകൊണ്ട് പിള്ളര്‍ കളിയാക്കി വിളിക്കുന്ന പേര്) . അപ്പന്‍ സാറിന്‍റെ അടി കിട്ടിയാല്‍ 3 ദിവസം ആ വേദന കാണും..ആള് വലിയ കര്‍ക്കശക്കാരനും....
ഒരിക്കല്‍ തലേ ദിവസം പഠിപ്പിച്ച ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ്ങ് ചോദിച്ചു... അങ്ങനെ ഞങ്ങളുടെ പുറകിലെ ബെഞ്ചില്‍ എത്തി... ആദ്യം ഇരിക്കുന്ന എന്നോട് cat എന്ന വാക്കിന്‍റെ സ്പെല്ലിംഗ് ചോദിച്ചു.. ഞാന്‍ ആകെ അതെ പഠിച്ചിട്ടുള്ളായിരുന്നു. സി..എ..റ്റി..... ക്യാറ്റ് എന്ന് ഞാന്‍ ഉത്തരം പറഞ്ഞു...



അടുത്തത് ഷിബു.... അവനോട് ചോദിച്ചത് എലഫെന്റ്.... അവന്‍ സത്യത്തില്‍ അത് പഠിച്ചില്ലായിരുന്നു...എന്നാലും അവന്‍ ശ്രമിച്ചു നോക്കി...ഞാന്‍ പുസ്തകത്തില്‍ നോക്കി പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു.... പക്ഷെ അവന്‍ കേള്‍ക്കുന്നില്ല... സാറിന്‍റെ രൂക്ഷമായ നോട്ടവും കയ്യില്‍ ഇരിക്കുന്ന വടിയും കണ്ടപ്പോള്‍ അവന്‍റെ വായില്‍ നിന്നും ഒരു വാക്ക് പോലും പുറത്ത് വന്നില്ല...

മണ്ടന്മാര്‍ എന്ന ലിസ്റ്റില്‍ പെടുതിയതുകൊണ്ട് അപ്പന്‍ സാറിനു പുറകിലെ ബഞ്ചിലെ ഞങ്ങളെ കണ്ടുകൂടായിരുന്നു എന്നതാണ് സത്യം.. കിട്ടിയ അവസരം സാര്‍ പാഴാക്കിയില്ല.... ഷിബുവിന്‍റെ കൈക്കിട്ട് തുരുതുരാ അടി പൊട്ടിച്ചു... എന്നിട്ട് വായില്‍ തോന്നിയതൊക്കെ സാറ് പറഞ്ഞു.

" നീ ഒക്കെ പഠിക്കാന്‍ വരുന്നതിലും നല്ലത് വല്ല പശുവിനെ മേയിക്കാന്‍ പോകുന്നതാ....നീ ഒന്നും നന്നാവാന്‍ പോകുന്നില്ല...ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നീ ഒക്കെ ചാകുന്നതാ.."

ഒരിക്കലും കരയാത്ത ഷിബുവിന്‍റെ കണ്ണ് അന്ന് നിറഞ്ഞൊഴുകി.... വാടിയ മുഖവുമായി അവന്‍ ബഞ്ചില്‍ ഇരുന്നു... അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് ഞങ്ങള്‍ എല്ലാം വീട്ടില്‍ പോയി...

പിറ്റേ ദിവസം രാവിലെ സ്കൂളില്‍ എത്തിയപ്പോള്‍ കുട്ടികള്‍ ഒക്കെ ക്ലാസ്സിന്പുറത്ത് കൂടി നില്‍ക്കുന്നു. ഹെഡ് മാസ്റ്റര്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു ' സ്കൂളിലെ ഒരു കുട്ടി മരിച്ചു,ഇന്നു സ്കൂളിന് അവധിയാണ്... " അല്‍പ്പസമയത്തിനുള്ളില്‍ ബോഡി സ്കൂളില്‍ കൊണ്ടുവരും.... ഇവിടെ പൊതു ദര്‍ശനത്തിന് വെയ്ക്കും". ബോഡി കാണുവാന്‍ ഞങ്ങള്‍ എല്ലാവരും സ്കൂളിന്‍റെ ഓഡിറ്റൊറിയത്തില്‍ എത്തി... ഞങ്ങള്‍ കൂട്ടുകാര്‍ പരസ്പരം പറഞ്ഞു. ഓ...ഇന്നു അവധിയാണല്ലോ.ഷിബുവിനോട് കൂടെ കളിക്കാം...എന്‍റെ മനസ്സ് സന്തോഷിച്ചു...   "ഈ ഷിബു എവിടെ പോയി...."...ഞാന്‍ എന്‍റെ കൂട്ടുകാരനായ രണ്ജിത്തിനോട് ചോദിച്ചു. അവന്‍ എപ്പോള്‍ എങ്കിലും ക്ലാസ്സില്‍ നേരത്തെ വന്നിട്ടുണ്ടോ? രഞ്ജിത്ത് മറുപടി പറഞ്ഞു.

പെട്ടന്ന് ആംബുലന്‍സിന്‍റെ ശബ്ദം മുഴങ്ങി....ഞങ്ങള്‍ എല്ലാവരും ഓഡിറ്റൊറിയത്തിന്‍റെ പുറത്തേക്ക് നോക്കി... ശവപ്പെട്ടിയും ചുമന്നുകൊണ്ട് ചിലര്‍ ഓഡിറ്റൊറിയത്തിനുള്ളില്‍ കയറി.... വെള്ളതുണി വിരിച്ചിട്ട ആ മേശയില്‍ ആ ശവപ്പെട്ടി വച്ചു.... അദ്ധ്യാപികമാര്‍ സാരിത്തലപ്പുകൊണ്ട് കണ്ണുനീര്‍ തുടച്ചു..... മുഖത്ത് കിടന്ന വെള്ളതുണി മാറ്റി.... 

എന്‍റെ കണ്ണില്‍ ഇരുട്ട് കയറിയതുപോലെ..... ഷിബു....എന്‍റെ സഹപാഠി ഷിബു.... അടുത്ത് കണ്ട തൂണില്‍ കൈ മുറുകെ പിടിച്ചു ഞാന്‍ ആ മുഖത്തേക്ക് ഒന്നുകൂടെ നോക്കി...... ശവപെട്ടിയില്‍ പുഞ്ചിരിച്ചുകൊണ്ട് കിടക്കുന്ന ആ ഷിബുവിന്‍റെ മുഖത്തേക്ക്....

എന്താണ് ഷിബുവിന് സംഭവിച്ചത്? തലേ ദിവസത്തെ ഞാന്‍ ഓര്‍ത്തു...അതെ അവന്‍ ആ തീരുമാനം എടുത്തു ഇനിയും ഒരിക്കലും ഞാന്‍ എലഫെന്‍ന്‍റെ സ്പെല്ലിംഗ് പഠിക്കില്ല.....

ഇന്നലെ സ്കൂളില്‍ നിന്നും അവന്‍ വീട്ടിലേക്കല്ല പോയത് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍റെ അടുത്ത്.....
വൈകുന്നെരത്തെ ചെന്നൈ എക്സ്പ്രസ് ട്രെയിന്‍റെ മുന്‍ബില്‍ ചാടി അവന്‍ ജീവിതം എന്നേക്കുമായി അവസാനിപ്പിച്ചു... പഠനമില്ലാത്ത ലോകത്ത്.... വേദനയില്ലാത്ത ലോകത്തേക്ക്....

വര്‍ഷങ്ങള്‍ പലത് കടന്ന് പോയി.... ഇപ്പോളും ഞാന്‍ ഓര്‍ക്കും എന്തിന് ഷിബു ഇങ്ങനെ ഒരു കടുംകൈ ചെയ്യിതു...അതും ഒരു എലഫെന്‍ന്റ്ന് വേണ്ടി?

ചില വാക്കുകള്‍ക്ക് ആറ്റംബോംബിനേക്കാള്‍ ശക്തിയുണ്ട് എന്ന യാഥാര്‍ത്ഥ്യം ഇന്നു ഞാന്‍ തിരിച്ചറിയുന്നു....അധ്യാപകരും മാതാപിതാക്കളും വഴികാട്ടികള്‍ ആയി മാറേണ്ടവരാണ്.... നിങ്ങളുടെ നല്ല വാക്കുകള്‍ തലമുറയെ നേര്‍വഴിയില്‍ നയിക്കുവാനും നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ അവരുടെ നാശത്തിനും



മാകാം....